Pages

☻ മനുഷ്യന്‍ ☻

ദേ നിങ്ങളൊരു മനുഷ്യനാവാന്‍ നോക്ക്............
സ്കൂളിലേക്ക് വലിഞ്ഞു നടക്കുമ്പോഴും ചക്കുണ്ണിയുടെ മനസ്സില്‍ കുടിയനായ അച്ഛനോട് അമ്മ കലിതുള്ളി പറയുന്ന വാക്കുകള്‍ ആയിരുന്നു. അവന്‍ കീറിപറിഞ്ഞ അവന്‍റെ ബുക്കിലേക്കും വക്കുപൊട്ടിയ സ്ലേറ്റിലേക്കും മാറി മാറി നോക്കി.. പിന്നെ എണ്ണമെഴുക്കു പുരണ്ട ഈര്‍ക്കില്‍ പോലുള്ള സ്ലേറ്റ് പെന്‍സിലിലേക്കും. അവന്റെ കണ്ണുകള്‍ നിറഞ്ഞു ....
കാദറിന്റെ പെട്ടിക്കടക്ക് അടുത്തെത്തിയപ്പോള്‍ കേട്ടു.. ണിം.. ണിം.. ണിം.. ലീഡര്‍ രാജു താളത്തില്‍ രണ്ടാം മണി അടിക്കുന്നു... കുടുക്ക് പോയ നിക്കറും മുറുക്കി പിടിച്ചു ചക്കുണ്ണി വേഗത്തിലോടി. ക്ലാസിലെത്തിയപ്പോള്‍ അവന്‍ കിതയ്ക്കുന്നുണ്ടായിരുന്നു.. ഒന്ന് മൂളികൊണ്ട് ഉമ്മര്‍ മാഷ്‌ കയറാന്‍ അനുവാദം കൊടുത്തു... ചക്കുണ്ണി തന്‍റെ സീറ്റില്‍ പോയി ഇരുന്നു. ആണി പൊന്തിയ ബെഞ്ചിന്റെ ഒരറ്റത്ത് ...


പെട്ടന്നാണ് മേശപ്പുറത്തിരിക്കുന്ന എണ്ണപുരട്ടിയ ചൂരല്‍ അവന്‍ കണ്ടത് .. ഒരു നിമിഷം അവന്റെ കുഞ്ഞു മനസ്സ് വീട്ടിലേക്കു പോയി ...
അമ്മ ഇപ്പോള്‍ അച്ഛനെ ചൂരല്‍ കൊണ്ട് അടിക്കുന്നുണ്ടാവുമോ? " ദേ നിങ്ങളൊരു മനുഷ്യനാവാന്‍ നോക്ക് " അവന്റെ മനസ്സില്‍ അമ്മയുടെ വക്കുകള്‍ വീണ്ടും മുഴങ്ങി ... കണ്ണ് നിറഞ്ഞു. ആരും കാണാതെ കണ്ണുനീര്‍ തുടച്ചു നിവര്ന്നിരുന്നപ്പോഴേക്കും മാഷ്‌ ചോദ്യം തുടങ്ങിയിരുന്നു.
"ഭാവിയില്‍ ആരാകാനാണ് ആഗ്രഹം "
ചൂണ്ടു വിരലിന്റെ പുറം കൊണ്ട് മൂക്ക്തുടച്ച് ഫഹദ്‌ ആവേശത്തോടെ അറിയിച്ചു ... " ഇഞ്ചിനീരാകണം" കുട്ടികള്‍ ചിരിച്ചു കൂടെ മാഷും ...
അടുത്തത് രമ്യമോള്‍ " എനിക്ക് ടീച്ചറാവണം" മാഷ്‌ ചിരിയടക്കി ക്ലാസ്സില്‍ കൂട്ടച്ചിരി ..
" ചക്കുണ്ണി നിനക്കാരാകണം." മാഷിന്റെ ചോദ്യം കേട്ട അവന്‍ ഞെട്ടി ..
മടിച്ച്... മടിച്ച്,, ആണ് അവന്‍ എഴുനേറ്റത്..
" എനിക്ക്..... " അവന്‍റെ മുഖം വല്ലാതായി ...
പറയൂ കുട്ടീ മാഷ്‌ പ്രോത്സാഹിപ്പിച്ചു .
"എനിക്കൊരു മനുഷ്യനാകണം "
വീണ്ടും കൂട്ടച്ചിരി .. ഉമ്മര്‍ മാഷ്‌ ചക്കുണ്ണിയുടെ മുഖത്ത് ഊന്നി നോക്കി . അവന്‍ കരയുകയായിരുന്നു... നിശ്ശബ്ദത .
കുട്ടികള്‍ വീണ്ടും ചിരിച്ചു , കൂടെ ചക്കുണ്ണിയും ..... പക്ഷെ മാഷ്‌ ചിരിച്ചില്ല ...