![]() |
| Image courtesy google |
നീയെന്നില്‍തുടികൊള്ളുന്ന എൻ ജീവന്‍
അതെന്നില്‍ നിന്നും അകന്നാല്‍
പിന്നെ ഞാന്‍ നിര്‍ജ്ജീവമായൊരു ശരീരം മാത്രം.
പുലരിയില്‍ മഞ്ഞുകണങ്ങളാല്‍ വീഴാന്‍ നില്‍ക്കുന്ന
തളിരില പോലെയാണ് ഞാന്‍,
എനിക്കെന്തോ എന്റെ ഹൃദയം നിശ്ചലമാകുന്ന പോലെ
എത്ര ചെറിയ ജന്മങ്ങള്‍ അല്ലെ നാം ?
നിന്റെ ഹൃദയത്തെ എനിക്ക് വേണ്ടി തുറന്നിടൂ
രണ്ടുനാളായ് നിന്റെ ഹൃദയം പിടയുന്നത്
ഞാനറിയുന്നുണ്ട്,
നിന്റെ മൌനത്തെ ഞാനിന്നു അക്ഷരമാക്കി
എന്റെ സ്വകാര്യതയില്‍ സൂക്ഷിച്ചു,
നീയറിഞ്ഞില്ലേ വസന്തം വന്നത്..
മുറ്റത്തെ ചെടിയില്‍ നിന്റെ മനസ്സ് പോലെ
നിറയെ റോസാപൂക്കൾ വിരിഞ്ഞു,
സായാഹ്നത്തില്‍ പൂക്കളിലെ മധുനുകരാന്‍ വരുന്ന
വണ്ടുകള്‍ക്കും ശലഭങ്ങള്‍ക്കുമിടയില്‍
സിമെന്റ് പാകിയ ഇരിപ്പിടത്തില്‍ നമുക്കൊരുമിച്ച് ഇരിക്കണം
മഞ്ഞു പൊതിഞ്ഞപോലെ നൈർമല്യമായ
നിന്റെ കൈകൾ കോർത്ത്‌പിടിച്ച് നമ്മള്‍ മാത്രമായൊരു ലോകത്തേക്ക്
മനസ്സ് കൊണ്ട് യാത്ര ചെയ്യണം
അവിടെവെച്ചെനിക്ക് നിന്റെ മൌനത്തെ ശിഥിലമാക്കണം....


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ